ആലത്തൂർ: ആലത്തൂരിലെ നിറംമങ്ങിയ വിജയത്തിൽ എൽഡിഎഫ് ആശങ്ക അവസാനിക്കുന്നില്ല. പാർട്ടിയുടെ അവലോകന യോഗങ്ങളിൽ വിഷയം ചർച്ചയായേക്കും.
മൊത്തത്തിൽ എൽഡിഎഫ് വിജയം നേടിയെങ്കിലും ഭൂരിപക്ഷത്തിലെ വലിയ ഇടിവിലാണ് രാഷ്ട്രീയനിരീക്ഷകരുടെ ശ്രദ്ധയത്രയും. ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞത് സംഘടനാനിലപാടുകളിലും വോട്ടർമാരുടെ മനോഭാവത്തിലും മാറ്റമുണ്ടായതിനാലാ ണെന്നു വിലയിരുത്തപ്പെടുന്നു. ശക്തമായി രംഗത്തിറങ്ങിയിരുന്നെങ്കിൽ വിജയം സ്വന്തമാക്കാമായിരുന്നു എന്ന നിരാശയാണ് യുഡിഎഫ് ക്യാമ്പിലുയർന്നത്.
ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായ ശക്തമായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വരുംകാല തെരഞ്ഞെടുപ്പുകളിലേക്ക് ഇരുകൂട്ടരും പുതിയ തന്ത്രങ്ങൾ ഒരുക്കേണ്ടിവന്നേക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.ഡി. പ്രസേനൻ നേടിയ 34118 വോട്ടിന്റെ വൻ ഭൂരിപക്ഷം ഇത്തവണ 8553 ആയി കുറഞ്ഞതാണ് എൽഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയ്ക്കും ആത്മപരിശോധനയ്ക്കും ഇടയാക്കിയത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ ആറിടങ്ങളിൽ എൽഡിഎഫ് മുൻതൂക്കം നേടി.
കുഴൽമന്ദം, തേങ്കുറുശി, എരിമയൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലാണ് എൽഡിഎഫ് ലീഡ് ഉറപ്പിച്ചത്. അതേസമയം ആലത്തൂർ പഞ്ചായത്തിൽ യുഡിഎഫ് മുൻതൂക്കം നേടി.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഫലങ്ങൾ പരിശോധിക്കുമ്പോൾ വണ്ടാഴി പഞ്ചായത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡ് ലഭിച്ചത് (2114). കിഴക്കഞ്ചേരിയിൽ 1949 വോട്ടും, എരിമയൂരിൽ 1890 വോട്ടും ലീഡുലഭിച്ചു. മേലാർകോട് (1247), തേങ്കുറുശ്ശി (1045), കുഴൽമന്ദം (683) പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറ്റം നിലനിർത്തി.
ആലത്തൂർ പഞ്ചായത്തിൽ മാത്രം യുഡിഎഫ് മുന്നേറ്റം നേടി. ഇവിടെ യുഡിഎഫിന് 8073 വോട്ടും എൽഡിഎഫ് ന് 7525 വോട്ടുമാണ് ലഭിച്ചത്. 551 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്.